Friday 21 December 2012

ഇറ്റലിക്കാര്‍ക്കും നാവികര്‍ക്കും ഒരു ചക്കര മുത്തം

ങ്ങിനെ അവര്‍ നാളെ ഇന്ത്യയില്‍ നിന്ന് വണ്ടി വിടും .രണ്ടു ഇരുകാലിയായ
മലയാളി പശങ്ങളെ ഡിഷും ഡിഷും എന്ന് പറഞ്ഞ് കാലാപുരിക്ക് അയച്ച രണ്ടു ഇറ്റലിക്കാരായ കപ്പല്‍ നാവികര്‍. സാല്‍വതോറ ജിറോനും ലസ്തോര മാസി മിലോനയും ഇവരാണ് ആ പുന്നാര മക്കള്‍ .
  
.ഇവര്‍ വെടിവെച്ച്കൊന്നത് കറുത്ത തൊലിയുള്ളവനും മീന്‍ നാറുന്ന രൂപം ഉള്ളവന്നും വിശിഷ്യാ സായിപിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവാനുമായ, ഉപരി കേരളം എന്ന് കേട്ടാല്‍ രക്തം തിളച്ചുമറിയുന്നവാനുമായ  മലയാളി പശങ്കളേയാണ്.
അതുകൊണ്ട് തന്നെ വെടിയേറ്റ് ഇഹലോകവാസം വെടിഞ്ഞ പശങ്കളുടെ അരികില്‍ ഇരുന്നു രണ്ടു നെഞ്ചത്തടി ,കുറെ എണ്ണി പറച്ചില്‍,അണ്ണാക്ക് പൊളിയുന്ന കൂട്ട നെലോളിയും ,
ചത്തത് വെടികൊണ്ട് ആയതിനാല്‍ കുറച്ചു റീത്തും .
കലാസ് (കഴിഞ്ഞു ).
ഇതൊക്കെ ഏതു ഇറ്റലിക്കാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ .എന്നിട്ടും കൃസ്തുമസ് ആഘഷിക്കാന്‍ നാട്ടില്‍ പോണം എന്ന അവരുടെ ന്യായമായ ആവശ്യം കേട്ടപോള്‍ ഇമ്മടെ സര്‍ക്കാര് ചുമ്മാ കേറി ഇടപെട്ടത് എന്തിനാണ് എന്നാണു ഇപോ എന്‍റെ സംശയം.
ഒന്നുമില്ലെകിലും കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന മേടത്തിന്‍റെ(മദാമ്മയെന്നു മുരളിചേട്ടന്‍ പറയും -പക്ഷെ ഞാന്‍ അങ്ങിനെ പറയത്തില്ല )നാട്ടുകാര്‍ ആണെന്ന ഒരു വീണ്ടു വിചാരമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.പക്ഷെ എപ്പോഴും അമിളികള്‍ മാത്രം പറ്റുന്ന കേരളത്തിലെ സര്‍ക്കാരിന് ഇവര്‍ പോയാല്‍ തിരിച്ചു വരില്ല എന്ന് തോന്നിയത് തികച്ചും സ്വാഭാവികം .
അതുകൊണ്ടാണല്ലോ മുന്‍പ് ചാര കേസിലെ പ്രതികള്‍ ആയ ഫ്രഞ്ചു സായിപ്പ്മാര്‍ പറ്റിച്ചു മുങ്ങിയ കഥ കോടതിയില്‍ പറഞ്ഞത്.ഇക്കഥ കേട്ട് ഇറ്റലി സായിപ്പന്മാര്‍ സാസം മുട്ടുന്നതു വരെ ചിരിച്ച കാര്യം പത്ര -ടിവി പുലികളൊന്നും പുറത്തു വിട്ടില്ല .ഒരു ചിരിയില്‍ എന്ത്സെന്‍സേഷണല്‍ എന്ന് അവരും കരുതികാണും.അതുകൊണ്ട് നമ്മളാരും ആ ചിരി കേട്ടതുമില്ല.
ഇറ്റലിയുടെ കണ്ണുരുട്ടലും ,കേരളത്തിന്‍റെ കരച്ചിലും കണ്ടു സഹികെട്ട 'നീതിപീഠം'ഒടുവില്‍ നീട്ടി ഒരു ചോദ്യം ..അങ്ങ് കേന്ദ്രത്തോട്
"ആ തിരുവ ഒന്ന് തുറന്നു എന്തെങ്കിലും ഒന്ന് മൊഴിഞ്ഞാലും "
എന്തിനും ഏതിനും 'സ്ലോമോഷനില്‍ 'തീരുമാനം എടുക്കുന്ന കേന്ദ്രം പക്ഷെ ഇക്കാര്യത്തില്‍ ആളുകളെ കൊണ്ട് പറയിപിച്ചില്ല .കല്യാണ നിശ്ചയ ദിവസം കാര്‍ന്നോന്മാര് കല്ല്യാണം ഏതു ദിവസമാ വെക്കേണ്ടത് കുഞ്ഞാപ്പോ എന്ന് ചോതിക്കുബോള്‍ പെണ്ണിന്‍റെ തന്ത ബഹുമാന പുരസരം സദസിനോട് പറയും
"അത് നിങ്ങളല്ലാരുപാടെ അങ്ങട് തീരുമാനിചോളീം "എന്ന്.
അമ്മാതിരി ബഹുമാനമല്ലേ കേന്ദ്രം ഇക്കാര്യത്തില്‍ കോടതിയോട് കാണിച്ചത് !
'നീതിപീഠം'നിയമം പാസാക്കി.
"മടങ്ങി പോ മക്കളെ .ചെന്ന് ബിടരോടും ,മക്കളോടും ,കുടുംബതോടും ,ചങ്ങായിമാരോടും ,ഒപ്പം കൃസ്തുമസ് കേക്ക് മുറിച്ചും വോഡ്ക്ക കുടിച്ചും ആഘോഷിക്കു .എന്നിട്ട (പറ്റിയാല്‍ )തിരിച്ചു വ.
'നീതിപീഠം'ത്തിന്‍റെ വിധികേട്ടപോള്‍ ചക്കപുഴുക്ക് കണ്ട ഗ്രഹണിപിള്ളേരെ പോലെ സകല പത്ര -ചാനല്‍ പുലികളും മാളം വിട്ടു പുറത്തിറങ്ങി .ആകെ ബഹളം .ലൈവ് ചര്‍ച്ച ,സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌ ,ബ്രെകിംഗ് ന്യൂസ്‌ ,മീന്‍കാരി ജാനകി ചേച്ചിയോട് വരെ അഭിപ്രായം ചോതിക്കല്‍ ,ചിലര്‍ക്ക് രണ്ടര വര്‍ഷമായി ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅദനീ യോട് അടങ്ങാത്ത പിരിശം (സ്നേഹം ).
ഇതൊക്കെ കാണുമ്പോള്‍ ആരാ കൂട്ടരേ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതാതിരിക്കുക ?
അതുകൊണ്ട് എനിക്ക് പറയാനുള്ളത്, കോടതി വിധിയില്‍ സന്തോഷം പ്രകടിപിച്ചു കൊണ്ട് നാവികരായ ഈ പുന്നാര മക്കളെ ഒരു 'പ്ലൈന്‍ കിസ്സ്‌ 'എങ്കിലും കൊടുത്ത് ഇറ്റലിയിലേക്ക് യാത്ര അയക്കുകയും, തിരിച്ചു വരാതിരിക്കാന്‍ ഞങ്ങള്‍ മലയാളി പശങ്കെ മെഴുകുതിരി കത്തിച്ചു മുട്ടിപ്പായി പ്രാര്‍ഥിക്കാമെന്നു എസ് എം എസ് അയച്ചു അവരെ അറിയിക്കുകയും ,വരുന്ന കൃസ്തുമസിന് ഗമണ്ടന്‍ ഒരു കേക്ക് പണം പിരിച്ചാനെങ്കിലും ഉണ്ടാക്കി "ഹാപ്പി കൃസ്തുമസ് ടൂ ഇറ്റാലിയന്‍ ചേട്ടന്മാരെ "എന്ന് പാടി ആനന്ദ നൃത്തം ആടുകയും വേണം എന്നാണു .
അവര് പോയാലെന്താ നല്ല എണ്ണം പറഞ്ഞ ആറുകോടി ഗാന്ധി റെഡിമണിയായി എണ്ണി തന്നിട്ടല്ലേ പോയത്,ആ മുംബൈ ആക്രമണത്തിലെ കസബിനെ തൂക്കി കൊല്ലുന്നതുവരെ തീറ്റി പോറ്റാന്‍ ഇതിലും ഇരട്ടിയല്ലേ പൊതുഖജാനാവില്‍ നിന്ന് തൂഫാന്‍ പോലെ പോയത് എന്നിട്ടോ ? അല്ലെങ്കില്‍ തന്നെ പവര്‍ കട്ടും ,വരള്‍ച്ചയും ,വിലകയറ്റവും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന മലയാളി പശങ്കളുടെ കയ്യില്‍ ഈ പഹയമാരെ തീറ്റി പോറ്റാന്‍ ഇവിടുന്ന ഇതിനും മാത്രം ക്യാഷ് ?
ആയതിനാല്‍ ആ പഹയന്മാര് കെട്ടുകെട്ടി പോയത് നന്നായി എന്ന് കരുതിയും ,ഖജനാവില്‍ മിച്ചം ഉള്ളതും കൂടി പോയില്ലല്ലോ എന്ന് കരുതി ആശ്വസിച്ചും വരുന്ന കൃസ്തുമസിന് ബീവറേജിനു മുന്നില്‍ ക്ഷമയോടെ ക്യു നിന്ന് കിട്ടുന്ന 'ആനമയക്കി 'കുടിച്ചു അങ്ങട് ആഘോഷിക്കു കൂട്ടരേ...ആഘോഷിക്കു
ഹാപ്പി കൃസ്തുമസ്..ഹാപ്പി ന്യൂയെര്‍ ..  
 
   

Thursday 13 December 2012

നാടും നാട്ടാരും മാറി ..പക്ഷെ (ഗള്‍ഫ്‌ ചരിതം -അവസാന ഭാഗം)


നീണ്ട ഒരവധിക്ക്ശേഷംവീണ്ടും, കനല്‍കാറ്റ് വീശുന്ന,അസ്ഥി തുളക്കുന്നതണുപ്പുള്ള മരുഭൂമിയിലേക്ക് അന്നം തേടി വീടിന്‍റെ പടികളിറങ്ങുമ്പോള്‍ മനസ്സ് വര്‍ഷങ്ങള്‍ പുറകിലോട്ടു പോയത്  പെടുന്നനെയാണ്.
രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതുപോലൊരു പകലില്‍ ആയിരുന്നു അന്നും വീടിന്‍റെ പടികള്‍ ഇറങ്ങിയത്‌ .വീട് നിറയെ യാത്രയയക്കാന്‍ വന്ന ബന്ധുമിത്രാദികള്‍,സഹോദരിമാര്‍ ,അവരുടെ കുഞ്ഞു കുഞ്ഞു മക്കള്‍ ,എന്‍റെ മാതാവ്,പാടത്ത് പന്ത് കളിക്കാനും അമ്പലകുളത്തില്‍ ഒരറ്റം മുതല്‍ ഒരറ്റം വരെ മുങ്ങാംകുഴിയിട്ടു മത്സരിച്ചു നീന്തികളിക്കാനും ,സിനിമ ടാക്കീസില്‍ പടം റിലീസായ അന്ന് തന്നെ പോയി തിക്കിത്തിരക്കി ടിക്കെറ്റ്ടുത്ത് ഒരുമിച്ചു പടം കണ്ടിരുന്ന എന്‍റെ പ്രിയപ്പെട്ട ചങ്ങാതിമാരും ..
എല്ലാവരുടെയും മുഖത്തു ഒരു വിഷാദ ഭാവം .പക്ഷെഎനിക്കന്നു സന്തോഷത്തിന്‍റെ ദിവസമായിരുന്നു .എത്ര എത്ര കിനാവുകളിലാണ് ഞാന സ്വര്‍ഗ്ഗരാജ്യം കണ്ടിരിക്കുന്നത് .പണം കായ്ക്കുന്ന മരങ്ങള്‍,വഴിയരുകില്‍ ആര്‍ക്കുംഎടുക്കാവുന്ന വിധത്തില്‍ചിതറി കിടക്കുന്ന സ്വര്‍ണ്ണനാണയങ്ങള്‍,കണ്ണില്‍ പെട്ടാല്‍ പിടിച്ചോണ്ട് പോയി വാരികോരി പണം വെറുതെ തരുന്ന തങ്കപെട്ട മനസുള്ള അറബികളും ,അറബി രാജാക്കന്മാരും ,സാധനങ്ങള്‍ വാങ്ങിയാല്‍ നോട്ടു കെട്ടു വലിച്ചെറിഞ്ഞു കൊടുക്കുന്ന അറബി കുട്ടികള്‍ ..ഹോ ..ഞാന്‍ അങ്ങോട്ട്‌ പോകുന്നതിനാണോ ഇവരൊക്കെ ഇങ്ങനെ സങ്കടപെട്ടു നില്‍ക്കുന്നത് !!??
എനിക്ക് ഉള്ളില്‍ ചിരിപൊട്ടിയെങ്കിലും ചിരിച്ചില്ല.
എനിക്ക് ഏറെ ഇഷ്ട്ടപെട്ട ചിക്കന്‍ ബിരിയാണി പോലും  ആകാംക്ഷ കാരണം ചങ്കില്‍ നിന്ന് ഒരു വറ്റ്പോലും  തഴോട്ടു ഇറങ്ങിയില്ല .ഒട്ടകത്തിനെ നിര്‍ത്തി പൊരിക്കുന്ന നാട്ടിലേക്ക് പോകുമ്പോഴാ ഇവരുടെ ഒരു ചിക്കന്‍ ബിരിയാണി .....
....
നിമിഷാര്‍ദ്ധം കൊണ്ടാണ് എല്ലാം മനസിലൂടെ ഓടിമറഞ്ഞു പോയത്. ഇന്ന്പിന്നിട്ട ഇരുപത്തിയോന്‍പതു വര്‍ഷങ്ങള്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ പാകത്തില്‍ എന്‍റെ നെറ്റിയില്‍ (സോറി ഞങ്ങള്‍ഗള്‍ഫ്‌ക്കാരുടെ)ഒട്ടിച്ചു വെച്ചിട്ടുണ്ട് അതങ്ങ് തെറ്റ്കൂടാതെ പാതി വഴിയില്‍ നിര്‍ത്താതെ വായിച്ചാല്‍ മതി ട്ടാ ബാക്കി ഒക്കെ പിടികിട്ടും .
വണ്ടിയില്‍ കയറുബോള്‍ തലയില്‍ ഇരുന്നിരുന്ന കണ്ണട കണ്ണിലേക്കു എടുത്തു വെച്ച് ഞാനൊന്ന് തിരിഞ്ഞു നോക്കി.ഒഴിഞ്ഞ ഉമ്മറകൊലായിയില്‍ രണ്ടുമൂന്നു പേര്‍ മാത്രം! ഇരുപത്തിയോന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ യാത്രയയക്കാന്‍ വന്ന ആരല്ലാമുണ്ട് ഇക്കൂട്ടത്തില്‍!?സത്യം ..ആരുമില്ല!?തനിച്ചാവാതിരിക്കാന്‍ ദൈവം കൂട്ടിയിണക്കിയ നല്ലപാതിയും നാല് മക്കളുമാല്ലാതെ ...
സീറ്റില്‍ ചാരിയിരുന്നു ,കണ്ണുനീരിനു തടയിട്ട കണ്ണട തുടച്ചു വൃത്തിയാക്കി വീണ്ടും തലയില്‍ എടുത്തു വെച്ച് ഒന്ന് ദീര്‍ഘനിശ്വാസം വിട്ടപോള്‍ തെല്ലൊരു ആശ്വാസം തോന്നി .വണ്ടി നെടുമ്പാശ്ശേരി ലക്ഷ്യമാക്കി ഓടുകയാണ്.ചില്ലുകള്‍ കയറ്റി വെച്ച കാറിനുള്ളിലിരുന്നു കൊണ്ട് പുറത്തെ കാഴ്ചകള്‍ കാണാന്‍ എന്ത് ഭംഗിയാണ്.
എന്‍റെ ആസ്വാദനത്തിനു തടസമിട്ടു കൊണ്ട് വണ്ടി ഓടിക്കുന്ന സ്വന്തക്കാരന്‍ പയ്യന്‍ ഒരു ചോദ്യമിട്ടു 
"
നാട്ടില്‍ വന്നു സെറ്റല്‍ ചയ്യാനായില്ലേ "?
ഹേ..നീ എന്താ ചോദിച്ചേ -ഞാന്‍ ചോതിച്ചു 
"
നാട്ടില്‍ വന്നു സെറ്റല്‍ ചയ്യാനായില്ലേന്ന്"?അവന്‍ ഒന്ന് നീട്ടി ആവര്‍ത്തിച്ചു .
ഞാനതിനു മറുപടി പറയാതെ സീറ്റിലേക്ക് വീണ്ടും ചാരിയുരുന്നു.
അവന്‍ വീണ്ടും തുടര്‍ന്നു 
"
നിങ്ങള്‍ക്കൊന്നും ഇതുവരെ നേരം വെളുത്തില്ലേ ?.ഗള്‍ഫില്‍ നിന്ന് യൂസഫലിക്ക വരെ നാട് പിടിച്ചു തുടങ്ങി.രാവിലെ നിന്ന് രണ്ടു മണി വരെ പറമ്പില്‍ പണിയെടുക്കുന്ന മ്മടെ രാമേട്ടന് കിട്ടും തെല്ലും വക്കും പൊട്ടാത്ത ഒരു അഞ്ഞൂറിന്‍റെ ഒരു ഗാന്ധി !പലചരക്ക് കട നടത്തുന്ന ജമാല്‍ക്ക നല്ല കിണ്ണംകാച്ചി 
ടൊയോട ഫോര്‍ച്ചുനര്‍ ആയിട്ടാ പോകുന്നത് നിങ്ങളോ ? ഇക്ക ഗള്‍ഫില്‍ പോണ കാലത്ത് മൂന്നു ഭരണി വെച്ച് മിടായിം ,ചിപ്സും വിറ്റിരുന്ന  അസീസ്ക്കാക്ക് ഇപ്പോള്‍ നാല് ബേക്കറി കട സ്വന്തമായുണ്ട് അറിയോ ഇക്കാക്ക് ?വാടാനപ്പള്ളി സെന്‍റെറില്‍ ഫോറിന്‍ സാധനം വാങ്ങി വിറ്റിരുന്ന മജീദിന് ഇപോ സെന്‍റെറില്‍ തന്നെ അഞ്ചു പണിക്കാരുള്ള ഇലക്ട്രോണിക് ഷോപ്പ് ഇക്ക കണ്ടില്ലേ ?
രണ്ടു മാസം ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന സുല്‍ഫിക്ക ഒരു ചെറിയ മൊബൈല്‍ കട തുടങ്ങി ഇപോ തൊട്ടുള്ള റൂമും കൂടി വാങ്ങി കട വിപുലപെടുത്തി .കുറച്ചീസം മുന്‍പ് പത്തു സെന്‍റ സ്ഥലം വാങ്ങി അവിടെ വീട് പണി തുടങ്ങാന്‍ പോകുന്നു .കൊല്ലം കുറെ ആയല്ലോ ഇക്ക ഗള്‍ഫില്‍ പോകാന്‍ തുടങ്ങീട്ടു ഒരു തുണ്ട് ഭൂമി ,സ്വന്തമായി ഒരു വീട് ,ഇതുവരെ വാങ്ങിയോ ?"
"
ആ ..മതി മതി നീ നേരെ നോക്കി വണ്ടിയോടിക്കു "അവന്‍റെ ചോദ്യം മര്‍മ്മത്ത് കൊണ്ട് തുടങ്ങിയപോള്‍ ഞാന്‍ വിഷയം മാറ്റാന്‍ ഇടപെട്ടു .അവന്‍ പിന്നെ ഒന്നും പറഞ്ഞില്ലായെങ്കിലും അവന്‍റെ ഓരോ ചോദ്യങ്ങളും എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ കുത്തി മുറിവേല്പിച്ചു കൊണ്ടിരുന്നു ..
വണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഡിപാര്‍ചെര്‍ ഗേറ്റിനു  മുന്നിലായി നിന്നു.അവന്‍ യാത്ര പറഞ്ഞു പോയപോള്‍ പിടിവള്ളി നഷ്ട്ടപെട്ടവനെ പോലെ ഞാനൊന്ന് തളര്‍ന്നു.വേച് വേച് നടന്നു കൌണ്ടറില്‍ പാസ്പ്പോര്‍ട്ടും ടിക്കറ്റും കൊടുത്ത് ബോര്‍ഡിംഗ് പാസ് വാങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ കയറുമ്പോഴും എന്‍റെ ചെവിയില്‍ അവന്‍റെ ചോദ്യങ്ങള്‍ മാറ്റൊലികള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു ......
ഖത്തര്‍ ഇന്റര്‍നാഷണല്‍എയര്‍പോര്‍ട്ടില്‍ നിന്ന് എമിഗ്രേഷന്‍ കഴിഞ്ഞു ഇറച്ചി പൊരിച്ചതും ,നാരങ്ങ അച്ചാര്‍ ഇട്ടതും ,കറുത്ത അലുവയും ,ചിപ്സും മിച്ചറും ,ഔലോസ് പൊടിയും  അടക്കം ചെയ്ത ചകിരി കയറു കൊണ്ട് കെട്ടിയ ഓയില്‍ ഒലിച്ചിറങ്ങിയ കാര്‍ട്ടൂനും ട്രോളിയില്‍ വെച്ച് പുറത്തേക്കു ഇറങ്ങിയപോള്‍ ഒരു തണുത്ത (ഇപ്പോള്‍ ഇവിടെ തണുപ്പാണ് )കാറ്റ് എന്നെ തഴുകിയുണര്‍ത്തി കടന്നു പോയി ,ലോകത്തുള്ള സര്‍വരാജ്യ തൊഴിലാളി മനുഷ്യരുടെയും വിയര്‍പ്പിന്‍റെ മണമുള്ള ഒരു കാറ്റ്..(ഈ മണത്തിനു റോയല്‍ മിറാജ് സ്പ്രേയേക്കാള്‍ അനുഭൂതിയുണ്ട് )  ഞാന്‍ ഒരിക്കല്‍ കൂടി ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു ...  
കൊച്ചി പഴയ കൊച്ചിയല്ല 

...ഹ ..അത്ഭുതം ..മഹാത്ഭുതം ഞാനിതാ വീണ്ടും 'ഗള്‍ഫ്‌'ക്കാരനായി മാറിയിരിക്കുന്നു ..
നാടും നാട്ടാരും മാറിയതറിയാത്ത ഒരു പാവം ഗള്‍ഫ്ക്കാരന്‍... 



Tuesday 4 December 2012

'അത്തറിന്‍റെ മണമുള്ള കത്ത് '


ഈ കുന്ത്രാണ്ടം ഇറങ്ങിയതിനു ശേഷം മനുഷ്യന്‍റെ സമാധാനം പോയി ..ഈ കുടുംബം മുടിഞ്ഞു പോകതെയോള്ളൂ ..
കോളിംഗ് ബെല്‍ അടിക്കാന്‍ തുനിഞ്ഞ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്നു, അകത്തു നിന്ന് ഈ പ്രാകല്‍ കേട്ടപോള്‍ .
ന്നാലും മുറ്റം വരെ വന്നതല്ലേ  കയറാതെ തിരിച്ചു  പോകുന്നതെങ്ങിനെ ?
ഞാന്‍ രണ്ടും കല്‍പിച്ചു  കോളിംഗ് ബെല്‍ അടിച്ചു .
അകത്തു നിന്ന് പ്രാകിയ ശബ്ദത്തിന്‍റെ  ഉടമ തന്നെ വാതില്‍ തുറന്നു .അവര്‍ പ്രാകിയത് ഞാന്‍ കേട്ടിരിക്കുമോ എന്ന ശങ്കയാല്‍ അവരുടെ മുഖത്തു ഒരു വളിച്ച ചിരി വിടര്‍ന്നു വന്നു  .ആ വീട്ടിലെ ഗൃഹനാഥയാണ് .ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ആകയാല്‍ ഞാന്‍ പേര് പറയുന്നില്ല .ഒന്ന് 'ലൈക്‌ 'അടിച്ചാല്‍ നാട് വിട്ടു പോകേണ്ടി വരുന്ന ഇക്കാലത്ത്, എന്നെ ഇക്കിളി (ഇക്കിളി ആക്കുന്നത് എനിക്ക് തീരെ ഇഷട്ടമില്ല )ആക്കുമെന്ന് പറഞ്ഞാല്‍ പോലും ആ ഗൃഹനാഥയുടെ  പേര് ഞാന്‍ പറയില്ല കട്ടായം .
"ആരയാ ഇങ്ങനെ പ്രാകുന്നത് "
അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ ഗൃഹനാഥയോട് ചോതിച്ചു .
പ്രാകല്‍ ഞാന്‍ കേട്ടു എന്ന് ഉറപ്പായപോള്‍, വാതില്‍ തുറന്നപോള്‍ അവരുടെ മുഖത്തു ഉണ്ടായ വളിച്ച ചിരി താനേ പോയി. ഇനി ആ ചിരികൊണ്ട് വലിയ പ്രയോജനം ഇല്ലെന്നു മനസിലാക്കിയ അവര്‍ അല്‍പ്പം ഗൌരവത്തോടെ  ശബ്ദം താഴ്ത്തി തുടര്‍ന്നു .
"ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു വാതില്‍ കുറ്റിയിട്ടു കയറി കിടന്നതാ ആ 'പഹച്ചി ' നേരം ഇത്രേം വെളുത്തിട്ടു എണീറ്റിട്ടുണ്ടോന്നു നോക്ക്യേ "
"ആര് "ഞാന്‍ ചോതിച്ചു
"ആ .............ന്‍റെ ഭാര്യ "
(ഇതിലെ ഞാനടക്കമുള്ള കഥാപാത്രങ്ങള്‍ ജീവിചിരിക്കുന്നതാകയാല്‍ ഞാനടക്കമുള്ള ഒരു കാഥാപാത്രതിന്‍റെയും  പേര്  പറയില്ല എന്ന് അറിയിക്കുന്നു .അതുകൊണ്ട് അതിങ്ങനെ കൂടെ കൂടെ ചോതിച്ചു ഇടങ്ങേര്‍ ആക്കരുത് )
"ഒന്ന് വാതിലില്‍ മുട്ടി നോക്കര്‍ന്നില്ലേ ചിലപ്പോ ..."
ഞാന്‍ സംശയത്തോടെ നിര്‍ത്തിയത് മനസിലായിട്ടെന്നവണ്ണം അവര്‍ തുടര്‍ന്നു
"ഇതിവിടെ അവന്‍ തിരിച്ചു പോയ അന്ന് മുതല്‍ തുടങ്ങിയതാ "
ഞാന്‍ ചോദ്യഭാവത്തില്‍ അവരെ നോക്കി
അവര്‍ തുടര്‍ന്നു ..
"നിനക്കറിയോ മോനെ ഇവിടെത്തെ കാര്‍ന്നോര് (ജീവിച്ചിരിപ്പുണ്ട് ) പത്തു പതിനഞ്ചു കൊല്ലം ഗള്‍ഫില്‍ നിന്നതാ ,ആഴച്ചയിലാഴ്ചയില്‍ കത്ത് വരും അഞ്ചു ഷീറ്റ് അപ്പുറവും ഇപ്പുറവും ഉണ്ടാകും .അത്തറിന്‍റെ മണമുണ്ടാകും അതിനു .രണ്ടു കൊല്ലംകൂടി  മൂപ്പര് വരുന്നതുവരെ ഈ കത്ത് മാത്രം മതിയായിരുന്നു ഞങ്ങക്ക് "
"അതിനിപ്പോ എന്താ ഉണ്ടായേ ഇവിടെ " ഞാന്‍ ചോദ്യം തുടര്‍ന്നു
ഈ വിവരം കെട്ട പഹനോട് ഇനി എങ്ങിനെ തെളിച്ചു പറയും എന്ന അരിശത്തില്‍ പല്ലുരുമി അവര്‍ അകത്തേക്ക് പോയി അതെ വേഗത്തില്‍ തിരിച്ചു വന്നു .ഒപ്പം അന്നും അതിനു തലേന്നും ഇറങ്ങിയ രണ്ടു പത്രങ്ങളും .അതന്‍റെ മടിയിലേക്ക്‌ ഇട്ടിട്ടു പറഞ്ഞു
"വായിക്കട വായിക്കു "
ഞാന്‍ വായന ആരംഭിച്ചു
1,മൊബൈല്‍ പ്രണയം :രണ്ടു കുട്ടികളുടെ മാതാവ് കാമുകനൊപ്പം ഒളിച്ചോടി
2,നവ വധു ഒളിച്ചോടി :വില്ലനായത് മൊബൈല്‍
3,കാമുകനയച്ച SMS കിട്ടിയത് ഭര്‍ത്താവിനു :യുവതിക്ക് മര്‍ദനം
4,ഭര്‍ത്താവമൊത്തുള്ള മൊബൈല്‍ കിന്നാരം യു ടുബില്‍ :സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
5,മൊബൈല്‍ പ്രണയം :കാമുകനെ കണ്ടു ബിരുദധാരിണി തലകറങ്ങി വീണു
6,.......
7,....
ഇതാന്ത പത്രം മൊബൈല്‍ സ്പെഷ്യലോ ..
"ഇപ്പം മനസിലായോ ഞാന്‍ പ്രാകിയത് ..നേരം പുലരുവോളം പിറു പിറു പിറു പിറു എന്ന് ഈ കുന്ത്രാണ്ടത്തില്‍ ചിലചോണ്ടിരിക്കും ,എന്നിട്ട് നേരം വെളുത്താല്‍ എണിക്കോ ,ഇല്ല .ഇനി എണീറ്റാലോ ഉറക്കം തൂങ്ങികൊണ്ടേ  എല്ലാ പണിയും ചെയ്യാ ,നമ്മളൊന്ന് മുഖം കറുപിച്ചാല്‍ അപ്പൊ മിസ്‌കോള്‍ അടിച്ചു വിളിപിക്കും ,പിന്നെ അവന്‍റെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ ഞാന്‍ കേള്‍ക്കണം ,നീ പറ ഇങ്ങനെ പോയാല്‍ ഈ കുടുംബം മുടിഞ്ഞു പോകില്ലേ "?
അവര്‍ അവസാനം പറഞ്ഞു നിര്‍ത്തിയപോള്‍ തൊണ്ടയിടറിയോ എന്നെനിക്കു തോന്നി ..അല്ല അവരുടെ തൊണ്ടയിടറി തന്നെയാണ് പറഞ്ഞു നിര്‍ത്തിയത്.
അകത്തെ മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപോള്‍ ഞങ്ങള്‍ രണ്ടു പേരും സംസാരം നിര്‍ത്തി ചെവി വട്ടം പിടിച്ചു .
"ആ ......നോ എപ്പോ വന്നു "?
ഞാന്‍ തിരിഞ്ഞു നോക്കി ഹെന്‍റെമ്മോ ...ഉള്ളൊന്നു കാളി
വസ്ത്രാക്ഷേപം ചൈയ്യപെട്ട പാഞ്ചലിയെ പോലെ ഒരു രൂപം നില്‍ക്കുന്നു .ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..പഴയ നോക്കിയോ 310 പോലെ അവളുടെ മുഖം കോടിയിരിക്കുന്നു.ചാര്‍ജു തീര്‍ന്ന LG പോലെ ഒരു തെളിച്ചമില്ലായ്മ .വില കൂടിയ ആപ്പിള്‍ ഐ ഫോണിന്‍റെ ഒരു ലക്ഷണവും അവിളില്‍ കണ്ടില്ല .
"അല്‍പ്പസമയമായി "
ഇതുകേട്ടതും വാട്ടീസ് അടിച്ച അയ്യപ്പ ബൈജുവിനെ പോലെ (അല്ലാതെ അരയന്നം പോലെ എന്ന് പറയാന്‍ പറ്റ്വോ )ആടി ആടി അവള്‍ അകത്തേക്ക് പോയി .
"നീ പറ ഞാന്‍ പറഞ്ഞത് ശേരിയല്ലേ ഈ കുടുംബം മുടിഞ്ഞു പോവില്ലേ "?
(ഈ വേവലാതിയുടെ ഇടയില്‍ ഒരു തുള്ളി വെള്ളം പോലും എനിക്ക് കിട്ടിയില്ല  എന്ന് വ്യസനസമേതം നിങ്ങളെ അറിയിക്കട്ടെ )
"ഞാന്‍ പോട്ടെ ........യി അടുത്ത ആഴ്ച ഞാന്‍ തിരിച്ചു പോകും യാത്ര ചോതി ക്കാന ഞാന്‍ വന്നത് "ഞാന്‍ ആഗമനഉദ്യേശ്യം പറഞ്ഞു .
"ഞാന്‍ പോവ്വാട്ടോ .........യെ "അകത്തേക്ക് നോക്കി ഞാന്‍ വിളിച്ചുപറഞ്ഞു
യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ .....യും ഒപ്പം അനുഗമിച്ചു .പടികള്‍ ഇറങ്ങി രണ്ടടി നടന്നു ഞാന്‍ .........യോട് പറഞ്ഞു
അവിടെയെത്തിയിട്ടു ഞാന്‍ ...വിളി .....ഞാന്‍ 'കത്തയക്കാം '
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഭാര്യയോടു ചോതിച്ചു
"നീ അത്തറിന്‍റെ മണമുള്ള കത്ത് വായിച്ചിട്ടുണ്ടോ "?
"ഇല്ല "
അവളുടെ മൊബൈല്‍ അവളറിയാതെ സ്വിച്ഓഫ്‌ ചെയ്തു കൊണ്ട്
ഞാന്‍ പറഞ്ഞു


"ഇനി മുതല്‍ അത്തറിന്‍റെ മണമുള്ള കത്ത് മതി നമ്മുക്ക് "



Saturday 24 November 2012

ആര്‍ക്കു വേണം ഇയാളെ ....?


നൂറ്റി പത്തു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ ഈ മനുഷ്യന്‍ പെടില്ല എന്ന് വേണം കരുതാന്‍ !ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥക്കും വേണ്ട ഈ മനുഷ്യനെ !
ഇത്  കണ്ടപ്പോള്‍ ആണ് 'ആര്‍ക്കു വേണം ഇയാളെ 'എന്ന പുച്ഛം നിറഞ്ഞ ചോദ്യം എന്നില്‍ നിന്ന് വന്നത്.പറഞ്ഞു വരുന്നത് അബ്ദുല്‍ നാസര്‍ മഅദനിയെ കുറിച്ചാണ് ..കണ്ടോ ഇപ്പോള്‍ നിങ്ങളുടെ മനസിലും വന്നില്ലേ  'ആര്‍ക്കു വേണം ഇയാളെ 'എന്ന പുച്ഛം നിറഞ്ഞ ചോദ്യം ?
രാഷ്ട്ര ബോധത്തിന് മറ്റു എന്തിനേക്കാളും വിലമതിക്കുന്ന ഇതുപോലൊരു ജനതയെ വേറെ എവിടെയും കാണാന്‍ കഴിയില്ല .ദേശിയ ഗാനത്തിന്റെ ഒരു വരി മൂളല്‍ ആയെങ്കിലും കേട്ടാല്‍ സര്‍വവും മറന്നു നിശ്ചലന്‍ ആകുന്നതു അവന്‍റ് രാഷ്ട്ര ബോധവും രാജ്യസ്നേഹവും തന്നെയാണ്.
എന്നാല്‍ നൂറ്റി അറുപത്താറു പേരുടെ മരണത്തിനു കാരണമായ മുബൈ ആക്രമണത്തിനു നേതൃത്വം വഹിച്ചവരില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനു ശിക്ഷ നടപാക്കി പരലോകതെക്കയക്കുവാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് നാല് വര്‍ഷം കാത്തിരികേണ്ടി വന്നു .പൊതുഖജനാവില്‍ നിന്ന് കോടികള്‍ ആണ് ആ കൊടുംഭീകരന്‍റെ 'തടവ് സംരക്ഷണത്തിനും സുരക്ഷക്കും 'വേണ്ടി ചിലവഴികേണ്ടി വന്നത്.പല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ അയാളുടെ വിധി നടപാക്കുന്നത് വൈകുന്നതില്‍ രോഷം പൂണ്ട്  തെരുവില്‍ ഇറങ്ങിയത് രാജ്യത്തോടുള്ള സ്നേഹകൂറ് ഒന്ന് കൊണ്ട്മാത്രമായിരുന്നു. പക്ഷെ  ഇന്ത്യന്‍ നിയമ വ്യവസ്ഥ കുലുങ്ങിയില്ല ,ഒടുവില്‍ വാദങ്ങളും വിചാരണയും പൂര്‍ത്തിയാക്കി തൂക്കികൊല്ലാന്‍ വിധി വന്നു എന്നിട്ട് തൂക്കി കൊന്നോ ?ഇല്ല എല്ലാ തെളിവുകളും എതിരായി തൂക്കി കൊല്ലാന്‍ വിധിച്ചിട്ടും വീണ്ടും ഒരവസരംകൂടി !!രാഷ്ട്രപതിക്കു ഒരു ദയാഹര്‍ജി  ,അനുവധിച്ചു കിട്ടിയാല്‍ നൂറ്റി അറുപത്താറു പേരെ അറുകൊല ചെയ്ത കസബിനു ജയലില്‍ ഒരു നിശ്ചിതകാലം തടവ്‌ അനുഭവിച്ചു തിരിച്ചു പോകാം !!
അതായത് നമ്മുടെ രാഷ്ട്ര ബോധാതെക്കാളും,രാജ്യസ്നേഹതെക്കാളും വലുതാണ്‌ ഒരു മനുഷ്യന്‍റെ ജീവന്‍റെ വില എന്നതാണ് അതിന്‍റെ കാരണം .ഓരോ  മനുഷ്യനില്‍ നിന്ന് വികസിക്കുന്നതാണ് കുടുംബം ,സമൂഹം ,രാജ്യം  എന്ന സങ്കല്പം അതുകൊണ്ട് തന്നെ മനുഷ്യന്‍റെ നിലനില്‍പ്പിന്നു ഭീഷണിയാകുന്ന ഒന്നും ലോകത്ത് ഒരിടത്തും നിലനിന്ന് കൂടാ . എങ്കില്‍  അബ്ദുല്‍ നാസര്‍ മഅദനിയെന്ന മനുഷ്യനെ അന്യായമായി തടങ്കലില്‍ വെക്കുക വഴി ഉദാത്തമായ ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിശ്വാസിത ചോദ്യം ചെയയ്യപെട്ടിരിക്കുകയാണ്.കസബിനു കിട്ടിയ നിയമ പരിരക്ഷയുടെ നൂറില്‍ ഒരംശം  പോലും ഇപ്പോഴും 'വിചാരണ തടവ്‌ 'എന്ന കിരാതനിയമത്തില്‍ മൃത്പ്രാണനായ ഒരു 'ഭാരതിയന്‍ 'ആയ അബ്ദുല്‍ നാസര്‍ മഅദനിക്ക് കിട്ടുന്നില്ല എങ്കില്‍ മഹത്തായ ഒരു രാജ്യത്തിന്‍റെ ബോധമണ്ഡലത്തില്‍ പുഴുകുത്തുകള്‍ വീണിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു !
'ഇയാളെ ആര്‍ക്കു വേണം 'എന്നത് ഒരു ചോദ്യമാണ്.ഇതിപോള്‍ ഇയാളെ ആവദ് കാലത്ത് -ആരോഗ്യമുള്ള കാലത്ത് -ഉപയോഗപെടുത്തിയ മത-രാഷ്ട്രിയ
മേലാളന്മാര്‍ ആരും കേള്‍ക്കാതെ അന്തപുരത്തില്‍ കിടന്നു ചോതിക്കുന്ന ചോദ്യം കൂടിയാണ്  .അത് ആരും ഉറക്കെ ചോതിക്കാത്തുകൊണ്ട് ഞാനൊന്നുറക്കെ ചോതിച്ചു എന്ന് മാത്രം .
അബ്ദുല്‍ നാസര്‍ മഅദനിയുടെ  ജീവിത ചരിത്രം അറിയാഞ്ഞിട്ടല്ല ഇത്രയും എഴുതിയത് ,അതൊക്കെ 'യെസ് 'എന്ന് പറയാനുമല്ല .ഒപ്മ്പതര വര്‍ഷം ഇതേ കിരാത നിയമത്തില്‍ ആയുസ്സും ആരോഗ്യവും ഹോമിക്കപെട്ടു ഒടുവില്‍ നിരപരാധി എന്ന് വിതിയെഴുതി പുറത്തേക്കു വിട്ട ആ മനുഷ്യന്‍ ഒന്ന് മാത്രമല്ലേ നമ്മളോട് ചോതിചോള്ളൂ "എന്‍റെ നഷ്ട്ടമായ പത്തു വര്‍ഷം ആര് തിരിച്ചു തരും "എന്ന് .നമ്മുക്ക് ആര്‍കെങ്കിലും അതിനു ഉത്തരം കൊടുക്കാന്‍ കഴിഞ്ഞോ ?ഈ വികലാംഗനായ മനുഷ്യനെ തോളിലേറ്റി കൊണ്ട് നടന്നു പപ്ലിസിറ്റി  വര്‍ധിപിച്ച മത-രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് പറ്റിയോ ?
ഒടുവില്‍ എല്ലാവര്ക്കും മാപ്പ് കൊടുത്ത് കെല്‍പില്ലാത്ത ഒരു മനസ് കൊണ്ട് സ്വപനം കാണാന്‍ തുടങ്ങുകയായിരുന്നു ആ മനുഷ്യന്‍ ,ആ കുടുംബം...
ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എന്ന ദയാഹര്‍ജി തള്ളികൊണ്ട്  'ആര്‍ക്കു വേണം ഇയാളെ 'എന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥ പോലും ചോതിച്ചപ്പോള്‍ താഴ്ന്നു പോയത് അബ്ദുല്‍ നാസര്‍ മഅദനിയുടെ തലയല്ല മറിച്ചു   അബ്ദുല്‍ നാസര്‍ മഅദനി ഒഴികെയുള്ള നൂറ്റി പത്തു കോടി ഭാരതീയന്‍റെ തലയാണ് ..
അതെ തലയില്ലാത്ത നൂറ്റി പത്തു കോടി ഭാരതീയര്‍ക്കിടയില്‍ ഇതാ ഞാനും തലകുനിക്കുന്നു.... തലയുള്ള ഒരു ഭാരതീയന്‍റെ മുന്‍പില്‍ ....

Monday 19 November 2012

ഗാസ..നീ കരയെരുത് ..

ഗാസ ..നീ ലോകത്തിന്‍റെ കണ്ണീരല്ല, അത് നിന്നെയും നിന്നെ സ്നേഹിക്കുന്നവരെയും തളര്‍ത്താന്‍ ചെകുത്താന്‍ കപട സ്നേഹത്താല്‍ നിന്നെ വിളിക്കുന്ന വിളിപേര് മാത്രമാണ്.യഥാര്‍തത്തില്‍ നീ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഉദാത്തമായ മാതൃകയാണ്,ഒരു ജനതയ്ക്ക് മാത്രമല്ല ലോകത്തിന്‍റെ  തന്നെ നെറുകയില്‍ ഉദിച്ചു നില്‍ക്കുന്ന യുവത്വം തുളുമ്പുന്ന സമര വീര്യത്തിന്റെ സൂര്യ ശോഭയാണ് നീ ,അതെ അതാണ്‌ ഗാസ നീ ..പിന്നെയെങ്ങിനെ നിനക്ക് കരയാന്‍ കഴിയും ?
ചെകുത്താനും ,ചെകുത്താന്‍റെ മക്കളും ഇന്നോളം നിന്നെ വെറുതെ വിട്ടിട്ടില്ല .അധിനവേശ പടയുടെ ചെന്നായ്ക്കള്‍ എത്ര തവണ നിന്‍റെ
വിരിഞ്ഞ മാറിലൂടെ കൂര്‍ത്ത നഖങ്ങളാല്‍ ചോര ചിന്തിയിട്ടുണ്ട്, അന്നൊക്കെ  നിന്നില്‍ നിന്നുതിര്‍ന്നു വീണ ചുടുചോരയില്‍ നിന്ന്, സിരകളില്‍ സമരാനഗ്നി നിറച്ച ആയിരമായിരം ചുണയുള്ള പോരാളികളെ ഉയിര്‍ നല്‍കി,അധിനിവേശ പടക്ക് മുന്‍പില്‍ കരിമ്പാറ ചീളുകളാല്‍  സമരാവേശം നിറചിട്ടില്ലേ നീ ..
നീ പൊരുതുക ഗാസ ..നിന്റെ സിരകളിലോടുന്ന രക്തത്തിന്നു പവിത്രമായ ഒരു പൈതൃകത്തിന്റെ പരിശുധിയുണ്ട് അതിനെ മലിനപെടുത്തുവാന്‍ ഒരു ചെകുത്താനും ,ചെകുത്താന്റെ പാദസേവകര്‍ക്കും നീ ഇന്നോളം നിന്ന് കൊടുത്തിട്ടില്ല .അത് ചരിത്രമാണ് ,ഞങ്ങളുടെ മസ്തിഷ്ക്കത്തില്‍ സമരാന്ഗ്നി കൊളുത്തി വെക്കുന്ന വീര ചരിത്രം .
ഗാസ .,നിന്നെ സ്വന്തമാക്കാന്‍ നീ പെറ്റു വളര്‍ത്തിയ ,നീ താരാട്ട് പാടിയുറക്കി .നിന്‍റെ ശ്വാസനിശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന ഫലസ്തീന്‍ ജനതയെ ഉന്മൂലനം  ചൈയ്യാന്‍ കൊടിയ വഞ്ചനയിലൂടെ നുഴഞ്ഞു കയറിയ സയണിസ്റ്റ് ഭീകരന്മാര്‍ ശ്രമിക്കുകയാണ് .
ഇല്ല ഗാസ ..അത് വഞ്ചകരുടെ വ്യാമോഹം മാത്രമാണ് ഒരിക്കലും പൂവണിയാത്ത മോഹം .നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ മരണവും ,ആ മരണത്തിലൂടെ പരലോക മോക്ഷവും കിനാവ്‌ -സ്വപനം -കാണുന്ന ധീരരായ പോരാളികളെ പെറ്റു വളര്‍ത്തിയ ഗാസ നീ കരയെരുത് .
ഹേ ..പ്രപഞ്ചത്തിന്റെ നാഥ..ജനിച്ചു വളര്‍ന്ന സ്വന്തം മണ്ണില്‍ നിന്ന് ക്രൂരമായി ആട്ടിയോടിക്കപെടുകയാണ് ഫലസ്തീന്‍ ജനത.സ്ത്രീകള്‍ ,പിഞ്ചുകുഞ്ഞുങ്ങള്‍ ,ജീവിത സായാഹ്നത്തില്‍ എത്തിയ വൃദ്ധര്‍ ,ആരെയും ബാക്കി വെക്കുന്നില്ല ഈ ചെന്നായ് കൂട്ടം ..മര്‍ദ്ദിതന്‍റെ  പ്രാര്‍ത്ഥന ക്ഷണം സ്വീകരിക്കുമെന്ന് നീ വാഗ്ദാനം നല്‍കിയിട്ടില്ലേ നാഥ ..ഇതാ ലോകം കൈകളുയര്‍ത്തി നിന്‍റെ മുന്‍പില്‍ ..ഫലസ്തീനിലെ ജനതയ്ക്ക് നീ ആശ്വാസം നല്‍കണം ,നീതിക്ക് വേണ്ടി പോര്‍ക്കളത്തിളിറങ്ങിയ പോരാളികള്‍ക്ക് നീ കരുത്തു നല്‍കണം ,കാരുന്ന്യത്തിന്റെ സഹായം അവര്‍ക്ക്മേല്‍ ചൊരിയണം .കൊടിയ ശത്രുക്കളുടെ മുന്‍പില്‍ യാജനയോടെ നില്‍ക്കാന്‍ നീ അവരെ അനുവദിക്കരുത് ,ആത്മാഭിമാനത്തിന്‍റെ പ്രതീകമായി നീ അവരെ ലോകത്തിന്റെ നെറുകയില്‍ ഉറപിച്ചു നിര്‍ത്തുക ..




ഗാസ ..നീ കരയെരുത് 
 

Saturday 10 November 2012

പ്രവാസിയും എയര്‍ ഇന്ത്യയും തമ്മില്‍ !?

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രശനം !പ്രവാസി എന്ന ജീവി വര്‍ഗത്തെ  കണ്ണിനു നേരെ കണ്ടുകൂടാത്ത ഒരേയൊരു പ്രസ്ഥാനമേ ഈ ദുനിയാവില്‍ ഒള്ളൂ ,അത് എയര്‍ ഇന്ത്യ മാത്രമാണ് എന്ന് കാട്ടില്‍ ആട് മേച്ചു നടക്കുന്ന കാട്ടറബിക്ക് വരെ ഇന്നറിയാം .എന്നിട്ടോ ?
ഒരു ഫലവുമില്ല !
നമ്മുടെ രാജ്യവും ,രാജ്യം ഭരിക്കുന്ന പഹയന്മാരും കൂടി ഇന്നേ വരെ ഈ ജീവി വര്‍ഗത്തെ അന്ഗീകാരമുള്ള ഒരു 'വകുപ്പിലും 'പെടുത്താതെ ഇപ്പോഴും താടിക്ക് കൈയും കൊടുത്തിരിക്കുകയാണ്.പ്രവാസികളുടെ കൂട്ടത്തില്‍ നിന്ന് ഒരറ്റ ഒരുത്തനും 'അണ്ണാ ഹാസാരെ 'ആവില്ലെന്ന് അറിയാവുന്നത് കൊണ്ടാവുമോ ഇത് എന്നറിയില്ല .
ഗള്‍ഫില്‍ ഒരു രാം ലീല മൈതാനം ഇല്ലാത്തത് കൊണ്ടും നാട്ടില്‍ വന്നു ഏതെങ്കിലും ഒരു മൈതാനിയില്‍ വന്നു കിടന്നു നിരാഹാരം അനുഷ്ട്ടിച്ചാല്‍ സ്വന്തം കുടുംബക്കാര്‍ വരെ തിരിഞ്ഞു നോക്കില്ല എന്ന് അറിയാവുന്നതുകൊണ്ടും ഒരു പ്രവാസിയും ആ കടും കൈ ചൈയ്യാന്‍ സാത്യത യില്ല അപ്പൊ പിന്നെ എയര്‍ ഇന്ത്യമാത്രമല്ല നാട്ടിലെ ദിനേശ് ബീഡി വലിക്കുന്ന പോര്‍ട്ടര്‍ വരെ ഈ ജീവി വര്‍ഗത്തെ കൊള്ളയടിക്കും .
അല്ലേലും നെജതടിച്ചു കരയുന്നതിനു മുന്പ് ആ നെഞ്ജോന്നു ഉയര്‍ത്തിപിടിച്ചു നില്‍ക്കാന്‍ ഇന്നേ വരെ ഈ ജീവി വര്‍ഗം തയ്യാര്‍ ആയിട്ടുണ്ടോ ?കെട്ടുതാലിയും ,ആധാരവും പണയംവെച്ചു അന്നംതേടി വന്ന ഈ പ്രയാസി ആദ്യം അന്യഷിക്കുന്നത് നാട്ടില്‍ നോട്ടീസ് ഒട്ടിച്ചു നടന്ന പാര്‍ട്ടിയുടെ ബ്രാഞ്ച് ഇവിടെ ഉണ്ടോ എന്നാണു ,വല്ല്യ കമ്പനിയുടെ എം ഡി പ്രസിടണ്ട് ,അത്യാവശ്യം ബിസ്നസ് ശ്ര്യിങ്കലയുള്ള ആള്‍ സിക്രട്ടറി ,തൊട്ടടുത്തുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ഏമാന്‍ മാര്‍ ഒക്കെ ഇതിരിയിട്ട കുബെരന്മാര്‍ .800 ഉലുവ (റിയാല്‍ -ദിര്‍ഹം )ശമ്പളം പറ്റുന്ന മൂട്ട ബെഡില്‍ അന്ത്യ വിശ്രമം കൊള്ളുന്ന കവര്‍ഓള്‍ (coverall)ജീവിക്ക് എന്നും ജയ്‌ ജയ്‌ സിന്ദാവ .
ഈ ജീവി വര്‍ഗത്തെ  എയര്‍ ഇന്ത്യ മാത്രം എന്തിനു കൊള്ളയടിക്കാതിരിക്കണം ?മറ്റവന്മാര്‍കൊക്കെ നടുവ് വേദന ഉള്ളത് കൊണ്ടും ,വിസ്കിയും ,ബ്രാണ്ടിയും ഒഴിച്ച് കൊടുക്കുന്നത് മുഖത്തു ച്ചായം തേച്ച 'തള്ളച്ചി'മാര്‍ഉള്ളത് കൊണ്ടും രണ്ടണം വീശി മലര്‍ന്നു കിടക്കാന്‍ പുഷ് ബാക്ക് സീറ്റ് ഉള്ളത് കൊണ്ടും യാത്ര മുഴുവനും വില കൂടിയ ബീമാനത്തില.അപ്പോപിന്നെ എയര്‍ ഇന്ത്യക്കും വേണ്ടേ പിടിച്ചു നില്‍ക്കാന്‍ ?മൂട്ട ബാക്കി വെച്ച രക്തം അങ്ങ് ഊറ്റികുടിക്കും ,പകരം കുടിക്കാന്‍ മൂത്രം കൊടുക്കും ,കൊച്ചിയിലേക്ക് ടികറ്റ് എടുത്താല്‍ കൊയ്ലാണ്ടിയില്‍ കൊണ്ടോയിറക്കും,ചോദ്യം ചെയ്താല്‍ പിടിച്ചു തീവ്രവാദി യാക്കും ,കുരക്കാതെ പോയി സീറ്റില്‍ ഇരിക്കട ചൂലേ എന്ന് ആക്രോഷിക്കാന്‍ കാക്കിയിട്ട ഏമാന്‍മാര്‍ വരെ രംഗത്ത് വരും ,ഇക്കാലമത്രയും ഇതാണ് നാട്ടു നടപ്പ്..
പൂച്ചക്ക് ആര് മണികെട്ടും ?തട്ടിന്‍പുറത്തു ഫയങ്കര മീറ്റിംഗ് ,ചര്‍ച്ച ,ജാഥ ,പ്രതിഷേധം ,പ്രസ്താവന ..ഒടുവില്‍ തീരുമാനമായി എയര്‍ ഇന്ത്യബഹ്ഷ്കരിക്കുക ..പിന്നെ ..ഇന്ത്യയില്‍ നിന്ന് വരുന്ന സകല രാഷ്ട്രിയ നേതാക്കളെയും പച്ചവെള്ളം കൊടുക്കാതെ പട്ടിണിക്കിട്ട് തിരിച്ചയക്കുക (ഉവ്വ .ഉവ്വ ..ഉവ്വ നടുവ് വേദനയുള്ള ഒരു പെരുച്ചാഴിയുടെ ആത്മഗതം )തീരുമാനം നടപ്പില്‍ വരുത്താന്‍ ഒടുവില്‍ എല്ലാവരും  കൈകള്‍ കൂട്ടിവെച്ച് 'ബൈഅത്ത് '(സത്യപ്രതിക്ഞ്ഞ )ചെയ്തു തട്ടിന്‍പുറത്തു നിന്ന് ഇറങ്ങുമ്പോള്‍ ..ദാണ്ടേ നില്‍ക്കുന്നു മറ്റൊരു സംഘം ..!!തടിച്ചു കൊഴുത്തു 'മാന്‍ പവര്‍ സപ്ലെ 'നടത്തുന്ന
സൂപ്പര്‍ സ്റ്റാര്‍ മയ്മാലിക്ക ?"അതെ അടുത്ത വെള്ളിയാഴ്ച ഗള്‍ഫ്‌ സിനിമയില്‍ വെച്ചാണ്, കേരളത്തിലെ ഒരു വിധം എല്ലാ നടീനടന്മ്മാരും വരുന്നുണ്ട് പോരാത്തതിന് നല്ല കിണ്ണംകാച്ചി ഐറ്റം ഡാന്‍സും ,പിന്നെ മുസക്കാന്റെ മാപ്പിളപാട്ടും ,നിങ്ങളൊക്കെ ഓരോ വി ഐ പി ടിക്കറ്റ് തന്നെ എടുക്കണം നമ്മുടെ പരിപാടിയല്ലേ ഒന്ന് ജോര്‍ ആക്കണ്ടേ പോരാത്തതിന് ഈ പ്രതിഷേധ പരിപാടിയുടെ പരസ്യവും സ്റ്റേജില്‍ കെട്ടാം ..ന്ത്യേ "
നടുവ് വേദനയുള്ള  പെരുച്ചാഴി ഉടനെ പറഞ്ഞു "ന്നാ നമ്മുക്ക് ഒരിമിച്ചിറങ്ങാം    ലെ ?"
ഹോ ..ന്നാലും ആ എയര്‍ ഇന്ത്യയെ ഇങ്ങനെയെങ്കിലും പാഠം പടിപിച്ചിട്ടു തന്നെ ബാക്കി കാര്യം ..ജയ്‌ ജയ്‌ സിന്ദാവ ..ജയ്‌ ജയ്‌ പ്രവാസി ..


ഗീര്‍വാണം :-കാട്ടില്‍  നിന്ന് നാട്ടിലേക്ക് വന്ന അറബി വീണ്ടും പിറുപിറുത്തു
മുക്ഹു മാഫി മലബാരി .

Wednesday 24 October 2012

ത്യാഗത്തിന്‍റെ ഓര്‍മ പെരുന്നാള്‍


പ്രഫ. എ പി സുബൈര്‍(വര്‍ത്തമാനം പത്രത്തില്‍ വന്നത് )
സവിശേഷതയാര്‍ന്ന ഒരു അനുഷ്ഠാനമാണ് ഹജ്ജ്.  പലരും വിശ്വസിക്കുകയും കരുതുകയും ചെയ്യുന്നതുപോലെ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മസ്ഥലമായ മക്കയും, പിന്നീടധിവാസ സ്ഥലവും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവുമായ മദീനയും സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യമല്ല ഹജ്ജിനുള്ളത്. അങ്ങനെയൊരു ദൗത്യം വെച്ചുള്ള ഹജ്ജിന് പ്രാമാണികത്വവുമില്ല.


നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവത്തിന്റെ ഏകത്വത്തെ പ്രഘോഷിക്കാനും സ്ഥാപിക്കാനും പാടുപെട്ട ഒരു പ്രവാചകന്റെ ജീവിതത്തിലെ അതിമഹത്തായ ത്യാഗത്തെ അനുസ്മരിക്കുകയും അത് ഓരോ ഹാജിയും പുനരാവിഷ്‌കരിക്കുകയും ചെയ്യുക എന്നതുകൊണ്ട് ഏകദൈവവിശ്വാസത്തിലേക്ക് അടിയുറച്ചു നില്‍ക്കാനും അതിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സംഭരിക്കാനുമാണ് ഹജ്ജ് പ്രയോജനപ്പെടുന്നത്. ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിച്ച് സ്ഥാപിച്ചെടുക്കുന്നതില്‍ ഇബ്‌റാഹീമിന്റെ ജീവിതത്തില്‍ രണ്ടു ഘട്ടങ്ങളുണ്ട്. ഒരു വിഗ്രഹ നിര്‍മാതാവിന്റെ മകനായി പിറന്ന ഇബ്‌റാഹീം വിഗ്രഹധ്വംസനം നടത്തി, അതിന്‍ ഫലമായി അക്ഷരാര്‍ഥത്തില്‍ തന്നെ അഗ്നിപരീക്ഷയില്‍ വിജയശ്രീലാളിതനായതായിരുന്നു ആദ്യഘട്ടം.
പ്രവാചക പ്രബോധനങ്ങള്‍ക്കതീതമായി ജനങ്ങള്‍ ബഹുദൈവ വിശ്വാസത്തിലേക്ക് ഗമിക്കുക സാധാരണമായിരുന്നു. ഇബ്‌റാഹീമിന്റെ ജനത എത്രകാലം ഏകദൈവവിശ്വാസത്തില്‍ ഉറച്ചുനിന്നു എന്നത് വ്യക്തമല്ല. പക്ഷേ, അദ്ദേഹത്തിന് മറ്റൊരു പ്രധാന നിയോഗമുണ്ടായിരുന്നു. അന്ത്യകാലം വരെ ഏകദൈവത്തിന്റെ സ്ഥാപനം നടത്തുക. ഇബ്‌റാഹീം നബിക്ക് വാര്‍ധക്യത്തിലാണ് ഇസ്മാഈല്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.  ലോകാവസാനം വരെ ഏകദൈവത്വം നിലനിര്‍ത്താനുള്ള നിയോഗം ഇബ്‌റാഹിമിനോടൊപ്പം മകനുമുണ്ടായിരുന്നു. ഹിജാസ് താഴ്‌വരയിലെ മക്കയില്‍ ആ സന്താനത്തെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവുണ്ടായി. അതൊരു അധിവാസ കേന്ദ്രമായി മാറ്റേണ്ടതുണ്ടായിരുന്നു. ഏകദൈവത്വം പ്രഘോഷിക്കുന്ന കേന്ദ്രം പണിയേണ്ടതുണ്ടായിരുന്നു. ഇബ്‌റാഹീമും ഇസ്മാഈലും അവയൊക്കെ ദൈവാജ്ഞക്കനുസൃതമായി ചെയ്തുതീര്‍ത്തു. പിന്നീടാണ് ദൈവം വളരെ അസാധാരണമായ പരീക്ഷണത്തിന് ഇബ്‌റാഹീമിനെ വിധേയമാക്കുന്നത്. തന്റെ മക്കാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് വിസ്മയകരമായൊരു സ്വപ്‌ന ദര്‍ശനമുണ്ടാകുന്നു. തന്റെ പ്രിയപുത്രനായ ഇസ്മാഈലിനെ ബലിയറുക്കാനുള്ള ദൈവികാജ്ഞയായിരുന്നു അത്. മനുഷ്യബലി മറ്റു ചില സമൂഹങ്ങളിലുണ്ടായിരുന്നെങ്കിലും അത് ഏകദൈവ തത്വം പ്രചരിപ്പിക്കുന്ന ഒരു പ്രവാചകന്‍ നിര്‍വഹിക്കണമെന്നതു കൊണ്ടായിരുന്നു സ്വപ്‌ന ദര്‍ശനം വിസ്മയമായി അനുഭവപ്പെട്ടത്.
അതിന്റെ വിശ്വാസ്യതയെയും സംശയിക്കാനിടയാക്കി. ഇബ്‌റാഹീം തീരുമാനമെടുക്കാനാവാതെ സഫ-മര്‍വക്കിടയില്‍ നടന്നു. ഹജ്ജിലെയും ഉംറയിലെയും സഹ്‌യ് ഇതിനെ അനുസ്മരിപ്പിക്കുന്നു. ഹജ്ജിലെ എല്ലാ കര്‍മങ്ങളും ഇബ്‌റാഹീമിന്റെ ത്യാഗസന്നദ്ധതയുടെ പുനരാവിഷ്‌കാരമാണ്. ഇസ്മാഈലിന്റെ മാതാവ് ഹാജറ-സഫ മര്‍വക്കിടയില്‍ ഒരിറ്റു ജലത്തിനുവേണ്ടി ഓടി നടന്നതും  സംസം ഉറവുണ്ടായതുമൊക്കെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.
പക്ഷേ, ഹജ്ജനുഷ്ഠാനത്തില്‍ ഇബ്‌റാഹീമിന്റെ മാനസിക സംഘര്‍ഷത്തിലെ നടത്തമാണ് അനുസ്മരിക്കേണ്ടത്. സ്വപ്‌നം യഥാര്‍ഥ ദൈവവെളിപാട് തന്നെയാണോ എന്നുള്ള സന്ദേഹമായിരുന്നു സംഘര്‍ഷത്തിനു കാരണം. ഇരുമലകള്‍ക്കിടയിലെ നടത്തം കഴിയുമ്പോഴേക്കും ഇബ്‌റാഹീമിന് ദാര്‍ഢ്യമുണ്ടാകുന്നു. മകന്‍ ഇസ്മാഈലിനെ വിവരമറിയിക്കുന്നു. മകന്‍ പൂര്‍ണസമ്മതം നല്‍കുന്നു. എന്നാല്‍ ബലി മാതാവറിയാതെ വേണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടവര്‍ ദൂരെ മിനയിലേക്ക് പോകുന്നു. വഴിയില്‍ ശൈത്വാന്‍ പല സംശയങ്ങളുമുണ്ടാക്കുന്നു. വീണ്ടും അകലെ അറഫയിലേക്കു പോകുന്നു. അവിടെനിന്ന് സന്ധ്യാനേരം തിരിച്ച് വീണ്ടും മിനയിലെത്തുന്നു. എല്ലാ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അന്ത്യംകുറിച്ച് ഇസ്മാഈലിനെ ബലിപീഠത്തില്‍ കിടത്തി ഇബ്‌റാഹീം ഖഡ്ഗമുയര്‍ത്തി. അന്തരീക്ഷത്തില്‍ മുഴങ്ങിയ അശരീരി മനുഷ്യബലിയെ തടുക്കുന്നതായിരുന്നു. പകരം ഒരു മുട്ടനാടിനെ ബലികഴിക്കാന്‍ ആജ്ഞയുണ്ടാകുന്നു. ഇബ്‌റാഹീം അത് നിര്‍വഹിച്ച് മക്കയിലേക്ക് മടങ്ങുന്നു. പ്രലോഭിപ്പിച്ച ശൈത്വാനു നേരെ കല്ലുകളെറിയുന്നു.
ഈ സംഭവാനന്തരം ഇബ്‌റാഹീമിനു ദൈവത്തില്‍ നിന്ന് ആജ്ഞയുണ്ടാവുന്നു; ഈ ത്യാഗസന്നദ്ധത അനുസ്മരിച്ചുള്ള അനുഷ്ഠാനം നിര്‍വഹിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍. അങ്ങനെയാണ് ജനങ്ങള്‍ വിവിധ തരത്തില്‍ മക്കയിലെത്തി ഇബ്‌റാഹീം അനുഭവിച്ച, ആവിഷ്‌കരിച്ച അനുഷ്ഠാനം നിര്‍വഹിക്കുന്നത്. അതിനു സാധ്യമാകുന്ന എല്ലാ ഏകദൈവ വിശ്വാസികള്‍ക്കും ഇതൊരു ഐഛിക അനുഷ്ഠാനമാണ്. കാലാന്തരേണ ഏകദൈവ വിശ്വാസ കേന്ദ്രമായ കഅ്ബ തന്നെ ബഹുദൈവാരാധനയുടെ കേന്ദ്രമായി തീര്‍ന്നു. അന്ത്യപ്രവാചകനിലൂടെ കഅ്ബ ബഹുദൈവ വിശ്വാസത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ടു. ഹജ്ജ് പുനസ്ഥാപിക്കപ്പെട്ടു.
ഇബ്‌റാഹീമിന്റേത് ഉത്തമ മാതൃകയാണെന്ന ഖുര്‍ആന്റെ ബോധനം, അതിന്റെ ശരിയായ രൂപത്തില്‍ വീണ്ടും നിലവില്‍ വരുത്താന്‍ പ്രവാചകന്‍ തന്റെ ജീവിതത്തിന്റെ അവസാനവര്‍ഷത്തില്‍ ഹജ്ജനുഷ്ഠാനത്തിന്റെ യഥാര്‍ഥ മാതൃക പുനസ്ഥാപിക്കുകയുണ്ടായി.
(എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ -നവാസ് ബിന്‍ ആദം )

Friday 19 October 2012

ആരാച്ചാരുടെ ആതുരസേവനം ..!?

ത്യാധുനിക വല്‍ക്കരണത്തിന്‍റെ പിടിയിലമര്‍ന്നു അതിശീഘ്രം ഓടികൊണ്ടിരിക്കുന്ന കേരളിയാ സമൂഹത്തിന്റെ ആരോഗ്യം, ഗുരുതരമായ അവസ്ഥയില്‍ താഴോട്ടു പോയികൊണ്ടിരിക്കുകയാണ്.കേരളത്തിലെ മള്‍ട്ടിസ്പെഷ്യല്‍ ഹോസ്പിറ്റലുകളിലെ അഭൂതപൂര്‍വമായ തിരക്ക് അതാണ്‌ നമ്മെ ബോദ്യപെടുത്തുന്നത് .അതിന്‍റെ കാരണങ്ങള്‍ നിരത്തി പരിഹാരം നിര്‍ദേശിക്കുക എന്നതല്ല എന്‍റെയീ പോസ്റ്റിന്റെ ലക്‌ഷ്യം എന്നുള്ളതുകൊണ്ട് തല്‍ക്കാലം അതിലേക്കു കടക്കുന്നില്ല .
എന്നാല്‍ മലയാളിയുടെ ഈ ദയനീയാവസ്ഥ സമര്‍ഥമായി ചൂഷണം ചെയ്യ്തു കൊണ്ട് 'മള്‍ട്ടിസ്പെഷ്യല്‍ 'എന്ന ഓമന പേരില്‍, പണക്കാരനെന്നോ ,പാവപെട്ടവനെന്നോ വ്യത്യാസമില്ലാതെ 'പള്‍സ്റേറ്റ് 'നോക്കി പണം കൊള്ളയടിക്കുകയാണ് ആഡംബര വാഹനങ്ങളുടെ പിന്‍സീറ്റില്‍ ,ഏ സി യുടെ
സുഖശീതളിമയില്‍ മയങ്ങി യാത്രചെയ്യുന്ന അഭിനവ 'ആതുര ആരാച്ചാര്‍ '.
രണ്ടു ദിവസം മുന്പ് പരിചയപെട്ട കൊണ്ടോട്ടിക്കാരന്‍റെ കഥ അതിലൊന്ന് മാത്രമാണ് .
'ഉമ്മാക്ക് വയറ്റില്‍ ഒരു മുഴ ,കൊണ്ടോട്ടിയിലും തുടര്‍ന്ന് കൊഴികോട് മെഡിക്കല്‍കോളേജിലും ചികിത്സ തേടി .ഒരു പ്രാവശ്യം മെഡിക്കല്‍കോളേജില്‍ വെച്ച് ശസ്ത്രക്രിയ നടത്തി കുറച്ചു കഴിഞ്ഞപോള്‍ മുഴ വീണ്ടും കണ്ടു .  കൊണ്ടോട്ടിയിലെ ഡോക്ടറുടെ 'റഫര്‍ 'ചെയ്താ ലെറ്ററുമായി എറണാകുളത്തുള്ള ഒരു മള്‍ട്ടിസ്പെഷ്യല്‍ ഹോസ്പിറ്റലില്‍ (ഈ കുറിപ് ഏതെങ്കിലും ഒരു ആശുപത്രിയെ ലക്‌ഷ്യം വെച്ചല്ല എന്നത് കൊണ്ട് ആശുപത്രിയുടെ പേരിന്നു പ്രാധാന്യമില്ല ) വന്നു.എല്ലാം മാറ്റി തരാം എന്ന ഉറപ്പില്‍ അവിടെ അഡ്മിറ്റ്‌ ആയി .ദരിദ്രകുടുംബമായ ആ സുഹൃത്ത് ആദ്യം തന്നെ ഡോക്ടറോട് കാര്യങ്ങള്‍ ചോതിച്ചറിഞ്ഞു.
 "
ശസ്ത്രക്രിയ വേണം ഒരു പത്തു ദിവസം ഇവിടെ കിടക്കണം ഒക്കെ കൂടി 30000 രൂപയോളം വരും "
ഞാന്‍ ആ സുഹൃത്തിനെ കാണുമ്പോള്‍ അവര്‍ അവിടെ വന്നിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു !ഒരു ലക്ഷത്തില്‍ കൂടുതല്‍ പല തവണകളായി അവര്‍ അടച്ചു കഴിഞ്ഞു ഡിസ്ചാര്‍ജ് ആയി പോകണമെങ്കില്‍ ഇനിയും ഒരു ലക്ഷത്തില്‍ താഴെ വേണം .അസുഖം പൂര്‍ണമായി മാറി എന്ന ഉറപ്പും ഡോക്ടര്‍ കൊടുത്തിട്ടുമില്ല !!
ഇനി എങ്ങിനെ പണമടച്ചു ഡിസ്ചാര്‍ജ് ചെയ്തു പോകും ?ഞാന്‍ ചോതിച്ചു
"ഒരു പിടിയുമില്ല സുഹൃത്തേ ഞാന്‍ അവരുടെ ഓഫിസിനു മുന്നില്‍ വിലങ്ങനെ കിടക്കാന്‍ പോക്വാ.."
അയാള്‍ അല്പം നര്‍മ്മം ചേര്‍ത്താണ് അത് പറഞ്ഞതെങ്കിലും ആ മനസ് പിടഞ്ഞതു ഞാനറിഞ്ഞു ..
ഇതിനേക്കാള്‍ സങ്കടകരമാണ് മറ്റു ചിലരെ പരിച്ചയപെട്ടപോള്‍ അറിയാന്‍ കഴിഞ്ഞത് ,ഒട്ടുമിക്ക എല്ലാവരും കുറഞ്ഞ ദിവസവും കുറഞ്ഞ ചിലവും വാഗ്ദാനം ചൈയ്യപെട്ടു കുടുങ്ങിയവര്‍ ..
ആര്‍ത്തിപൂണ്ട ഉടമസ്ഥന്റെ ആക്ഞ്ഞയനുസരിച്ച്
ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് പൊതുജനം
കരുതുന്ന ഭിഷഗ്വരന്മാര്‍ സെതെസ്കോപ്പ് 'അസ്ഥാനത്ത് '
മാറ്റിയും തിരിച്ചും വെച്ച് ആരാച്ചാരുടെ വേഷം കെട്ടുകയാണ്.
കുഞ്ഞിന്റെ ,ഉമ്മയുടെ ,ഉപ്പയുടെ ,സഹോദരിയുടെ ,സഹോദരന്റെ ജീവന് ഒരാളും വിലപെശില്ലന്ന ഉത്തമ ബോദ്യം ,ശരീരത്തിലെ ഞെരമ്പുകളില്‍ കുത്തികയറൂന്ന സൂചിയുടെ എണ്ണം കൂടികൊണ്ടെയിരിക്കുന്നു.
പൊതുജനത്തിനു ആശ്രയമാകേണ്ട സര്‍ക്കാര്‍ 'പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ 'ഇന്നും ഇരുപത്തഞ്ചു വര്‍ഷം പുറകിലാണ് ഓടികൊണ്ടിരിക്കുന്നത്,ഒരുവേള 'വികസന വിരോധികളയാ'രാഷ്ട്രീയ മേലാളന്മാര്‍ഈ ആരാച്ചാരുടെ കയില്‍ നിന്ന് കമ്മീഷന്‍ പറ്റി 
പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ വികസനം തകിടം മറിച്ചു് ,കേരളീയന്‍റെ
പള്ള കീറാന്‍ ഈ ആരാച്ചാന്മ്മാര്‍ക്ക്ഒത്താശ ചെയ്തു കൊടുക്കുകയാണ്.
സ്നേഹത്തിന്റെ ,കാരുന്ന്യതിന്റെ അപോസ്താലന്മ്മാരും ,തലൈവി മാരും നടത്തുന്ന 'ആതുരാലയങ്ങള്‍' പോലും കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടാണ് 'കത്തിക്ക് 'മൂര്‍ച്ചകൂട്ടുന്നത് എന്നറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കും നമ്മള്‍ !.
ഇനി എന്തുണ്ട് പരിഹാരം എന്ന് ഉറക്കെ ചിന്തിക്കുവാന്‍ നേരമായിരിക്കുന്നു സുഹൃത്തുക്കളെ.ഇല്ലെങ്കില്‍ നമ്മുടെ പണം മാത്രമല്ല ഇവര്‍ കാര്‍ന്നു തിന്നുക ,മറിച്ചു ഒരു മുറിവ് പറ്റിയാല്‍ 'കമ്മ്യൂണിസ്റ്റ് പച്ച 'ചതച്ചു പീഴിഞ്ഞു മുരിവുനക്കിയിരുന്ന ഈ സമൂഹം, ഇവര്‍ പണത്തിനു വേണ്ടി നമ്മുടെ സിരകളിലേക്ക് ഒഴുക്കിവിടുന്ന മരുന്നുകള്‍ നാളെ ഒരു മുറിവ് പറ്റിയാല്‍ ഇവര്‍ കെണിയായി ഒരുക്കി വെച്ചിട്ടുള്ള 'ഐ സി യു 'ല്‍ അഭയം കണ്ടെത്തുന്ന സമൂഹമായി മാറും.
ആത്മീയ ചൂഷണം പോലെ ആപകല്‍ക്കരമാണ്
ആതുരാലയങ്ങളിലെ ചൂഷണം എന്ന് നാം മറക്കാതിരിക്കുക .
സ്നേഹപൂര്‍വ്വം നിങ്ങളുടെ
'തൊട്ടാവാടി' 
   

Thursday 18 October 2012

ഒരാള്‍ കൂടി ഇരുന്നോട്ടെ .....?

പ്രിയമുള്ളവരേ നിങ്ങളില്‍ ദൈവത്തിന്‍റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ .
അറിയാനും അറിയിക്കുവാനുമുള്ള വിശാലമായൊരു ലോകമാണ് ഇന്ന് ബ്ലോഗ്ഴുത്ത് .ലോകത്ത് വലിയൊരു ശതമാനം ആളുകള്‍ ആധുനീകമായ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്‌ ഉപയോഗിച്ചു ആശയവിനിമയം നടത്തികൊണ്ടിരിക്കുന്നു .ഒരു മനുഷ്യന്‍റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ,ഒരു രാഷ്ട്രത്തിന്‍റെ തന്നെയും നിഖിലമേഖലകളെയും സ്പര്‍ശിക്കുകയോ ,പരിവര്‍ത്തിപിക്കുകയോ ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയില്‍ ബ്ലോഗെഴുത്തിന്‍റെ പ്രാധാന്യം വിസ്മരിക്കാനാവില്ല.ലോകത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങള്‍ക്ക് ചൂടും ,ചൂരും നല്‍കുന്നതില്‍ ബ്ലോഗ്ഴുത്ത് വഹിക്കുന്ന പങ്ക് ഇതിന്റെ പ്രാധാന്യം നമ്മെ ബോദ്യപെടുത്തുക തന്നെ ചെയ്യും.
ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്ഴുത്ത് കാണുന്നതും വായിക്കുന്നതും മലയാളത്തിലെ പ്രശക്തബ്ലോഗര്‍ ആയ ബഷീര്‍ വള്ളികുന്നിന്റെ 'വള്ളി കുന്നു ഡോട്ട് കോം ആണ് .നര്‍മ്മത്തില്‍ ചാലിച്ച അദേഹത്തിന്റെ രചനകള്‍ അറിവും ആനന്ദവും നല്‍കുന്നതാണ് എന്ന് പറയാതെ വയ്യ .
ബ്ലോഗ്ഴുത്തിലേക്ക് ഇറങ്ങുമ്പോള്‍ ഗുരു ദക്ഷിണ വെക്കണമെങ്കില്‍ ..എന്‍റെ ഈ ആദ്യ പോസ്റ്റ്‌ ഗുരു ദക്ഷിണയായി ഞാന്‍ ബഷീര്‍ വള്ളികുന്നിനു സമര്‍പിക്കുന്നു.
അതോടൊപ്പം ബ്ലോഗെഴുതാന്‍ മറ്റൊരു പ്രചോദനം ആണ് മാന്യ സുഹൃത്തും ബ്ലോഗറുമായ നൌഷാദ് വടക്കല്‍ ഫേസ്ബുക്ക് ല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനേക്കാള്‍ പ്രയോജനകാരമാണ് ബ്ലോഗ്ഴുത്ത് എന്ന് അദേഹം നിരന്തരം ഓര്‍മിപിച്ചു കൊണ്ടിരുന്നു .
ഒരു ടെംപ്ളേറ്റ് രൂപപെടുത്തി എടുക്കുന്ന കാര്യത്തില്‍ സഹായിച്ച പ്രിയപ്പെട്ട ചങ്ങാതി മലയാളി യുടെ സഹായം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു .
ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്നുള്ള തിരിച്ചറിവ് ഉള്ളതോടൊപ്പം തന്നെ
എന്തുകൊണ്ട് എനിക്ക് എഴുതികൂട എന്നൊരു ചോദ്യത്തിനു ഉത്തരം കൂടി കണ്ടെതെണ്ടാതുണ്ട് .അതിനു വായനക്കാരായ നിങ്ങളുടെ സഹായമാണ് വേണ്ടത് .എന്‍റെ ബോളോഗിന്റെ പേര് കണ്ടല്ലോ ?ഒരു പരുവത്തില്‍ വേണം എല്ലാം എന്നുകൂടി ആദ്യമേ ഉണര്‍ത്തുന്നു .
ഭൂമിമലയാളത്തില്‍ ഉള്ള സകലമാന വിഷയങ്ങളിലും കയറി ഇടപെട്ടു ചരിത്രം കുറിക്കാം എന്നൊരു വ്യാമോഹമൊന്നും എനിക്കില്ല ,എന്നാല്‍ മനസ്സില്‍ കനലെരിയുമ്പോള്‍ ഒന്ന് തണുപിക്കുവാന്‍ വല്ലപ്പോഴും ചിലത് പറഞ്ഞെന്നിരിക്കും .തൊട്ടാല്‍ വാടുന്ന ചെടിയല്ലിത് ,പക്ഷെ അതിന്‍റെ പ്രതിഷേധത്തെ നിങ്ങളങ്ങിനെ വ്യഖ്യാനിച്ച്ഒപ്പിച്ചതാണ് ,ആയതിനാല്‍ ഈ വിശാലമായ് ബ്ലോഗെഴുത്തിന്‍റെ ലോകത്ത് എനിക്കിരിക്കാന്‍ അല്പം സ്ഥലം വേണം .അതൊരു ഔദാര്യം പോലെ വേണ്ട ,വരാന്‍ വൈകിയത് കൊണ്ട് നിങ്ങള്‍ അപഹരിച്ചു വെച്ചിരിക്കുന്ന എനിക്ക് അവകാശപെട്ട സ്ഥലമില്ലേ ..അത് മതി .
സ്നേഹാദരങ്ങളോടെ ഇനി നിങ്ങളുടെ
തല്ലിനും തോലോടലിനും കാത്തിരിക്കുന്നു
നിങ്ങളുടെ
സ്വന്തം
തൊട്ടാവാടി